ഹിജാബ് വിവാദം ജനാധിപത്യ മതനിരപേക്ഷ ഭരണഘടനക്ക് എതിരെ പ്രധാനമായും രണ്ട് വെല്ലുവിളികളെയാണ് നേരിടുന്നത്.
ഈ നിയമം മൂലം മുസ്ലിം പെൺകുട്ടികൾക്ക് ഭരണഘടന നൽകുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന മൂന്ന് മൗലികാവകാശമാണ് ലംഘിക്കപ്പെടുന്നത്. മതസ്വാതന്ത്രത്തിനുള്ള അവകാശം ഭാവിയെ ഭദ്രമാക്കുന്നതിന് ഇന്ത്യൻ പൗരന്മാർക്ക് ഒരുപാട് അവസരങ്ങൾ തുറക്കുമ്പോൾ ഹിജാബ് നിരോധനം മൂലം മുസ്ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസതിന്റെ ഭാവിയുടെ വാതിൽ തന്നെ കൊട്ടിയടക്കപ്പെടുകയാണ്. മറ്റു മതസ്തർക്ക് ആചാരങ്ങൾ പ്രകാരമുള്ള വസ്ത്രം ധരിക്കുന്നതിന് യാതൊരു വിലക്കുമില്ല എന്നത് വിവേചനം കൂടിയാണെന്ന് വരുന്നു.
ഹിജാബ് ഒരു തീവ്രവാദമല്ല, ഹിജാബ് ധരിച്ചവർ തീവ്രവാദികളും അല്ല ഓരോ മതത്തിനും അതിന്റെതായ ആചാരങ്ങളും ചിഹ്നങ്ങളുമുണ്ട്. എന്നിരിക്കെയാണ് ഇസ്ലാമിക മത ചിഹ്നമായി ഹിജാബ് മാത്രം ഇത്ര ഭീകരമായ ചിത്രീകരിക്കുന്നതിൻ്റെ പശ്ചാത്തലം പരിശോധിക്കപ്പെടണം
ഹിജാബ് ഭീകരമോ ?
കഴിഞ്ഞ ദിവസം മാധ്യമം ദിനപത്രത്തില്‍
പ്രസിദ്ധീകരിച്ച ഹുംറ ഖുറൈശിയുടെ
"എന്റെ വസ്ത്രം എന്റെ അവകാശം" എന്ന ലേഖനത്തില്‍ ഒരു അനുഭവം വിവരിക്കുന്നുണ്ട്, അതിങ്ങനെയാണ്.
ഒരു രാത്രി ഡൽഹി -ഗുഡ്ഗാവ് ഹൈവേയിലൂടെ കാറോടിച്ചു പോവുകയായിരുന്നു ഞാൻ. പൊടുന്നനെ തീർത്തും പ്രയാസകരമായ ഒരു അനുഭവമുണ്ടായി. പിറകിൽ വന്ന വാഹനത്തിലെ ചിലർ ഉച്ചത്തിൽ ഹോൺ മുഴക്കാനും ഹീനമായ കമൻ്റുകൾ പറഞ്ഞ് മറികടക്കാനും തുടങ്ങി. അവരെ ചേസ് ചെയ്ത് പിടികൂടി പൊലീസിലേൽപ്പിക്കാൻ പറ്റുന്ന ഒരു മാനസികാവസ്ഥയിലൊന്നുമായിരുന്നില്ല ഞാൻ. ഇത്തരം ശല്യക്കാരുടെ കണ്ണിലും കമൻ്റിലും പെടാതെ യാത്ര തുടരുകയും വേണം.
അന്ന് വൈകീട്ട് വാങ്ങിയ ഒരു ഡൈനിങ് ടേബിൾ വിരി കാറിലുണ്ടായിരുന്നു. കവർ തുറന്ന് അതുപയോഗിച്ച് ഒരു വസ്ത്രം കൊണ്ടെന്നപോലെ മുടിയും കൈകളുമെല്ലാം മൂടി. ആ ബന്ദവസ് ഫലം ചെയ്തു. യാത്രയുടെ അവസാനംവരെ ആദ്യം പറഞ്ഞതു പോലെയുള്ള ഒരു ശല്യക്കാരനും വന്ന് ഹോണും കമൻ്റും മുഴക്കിയില്ല.
തുടര്‍ന്ന് പറയുന്നു ശരീരം മൂടിപ്പുതച്ചാലും ഇല്ലെങ്കിലും ഒരു സ്ത്രീക്ക് പകലായാലും രാത്രിയായാലും നോക്കു കൊണ്ടും വാക്കു കൊണ്ടും കർമങ്ങൾ കൊണ്ടുമുള്ള അതിക്രമങ്ങളെ ഭയക്കാതെ സഞ്ചരിക്കാനുള്ള സാഹചര്യവും സൗകര്യവുമൊരുക്കാൻ നമ്മുടെ ഭരണക്കാർക്ക് കഴിയുന്നില്ല. അതിനു പകരം പെൺകുട്ടികളുടെ തലയിലെ തുണിയെക്കുറിച്ച് ആകുലപ്പെടാനും ആശങ്ക പരത്താനുമാണല്ലോ അവർക്ക് താൽപര്യം. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ പാരമ്യത്തിലെത്തിയ കർണാടക, ഹരിയാന, യു.പി പോലുള്ള സംസ്ഥാനങ്ങളിൽ അത്തരം വിഷയങ്ങളിൽനിന്ന് ജനശ്രദ്ധ മാറ്റാൻവേണ്ടിക്കൂടിയാണ് വസ്ത്രത്തിൻ്റെ പേരിൽ വർഗീയ അജണ്ട കത്തിച്ച് നടക്കാൻ സംഘ്പരിവാർ ശ്രദ്ധപുലർത്തുന്നത്.
ലോക പ്രശസ്ത ബോക്‌സര്‍ മുഹമ്മദ് അലി ക്ലേയുടെ മകള്‍ ഹന പിതാവിനെ കുറിച്ചെഴുതിയ ജീവിത കഥയിൽ ഹന പറയുന്നു: ഒരു ദിവസം ഞാനും സഹോദരി ലൈലയും പുറത്തുപോയി തിരിച്ചുവരികയായിരുന്നു. ഒരു വെളുത്ത ടോപും കറുത്ത മിനി സ്‌കര്‍ട്ടുമായിരുന്നു എന്റെ അന്നത്തെ വേഷം.
അപ്പോള്‍ ഉപ്പയുടെ നോട്ടവും ശ്രദ്ധയും ഞങ്ങളുടെ വസ്ത്രത്തിലായിരുന്നു. വസ്ത്രവിധാനം അടിമുടി നോക്കിയ അദ്ദേഹം എന്നെ വിളിച്ചു. എന്റെ വസ്ത്രമായിരുന്നു പതിവിലധികം ധാര്‍മ്മികത വിട്ടുകടന്നത്, അതുകൊണ്ടാവണം. വിളി കേട്ട് അടുത്തു ചെന്ന എന്നെ വാല്‍സല്യത്തോടെ ആശ്ലേഷിച്ച അദ്ദേഹം ചേര്‍ത്തുനിര്‍ത്തി എന്റെയും സഹോദരിയുടെയും കണ്ണുകളിലേക്ക് മാറി മാറി നോക്കി സഗൗരവം ഉപദേശിച്ചു. ഉപ്പ പറഞ്ഞു: മോളെ ഹന, ലോകത്ത് ദൈവമുണ്ടാക്കിയ അമൂല്യവസ്തുക്കളെല്ലാം ഓരോ മറക്കുള്ളിലാണ്, നന്നായി, ഭദ്രമായി സംരക്ഷിക്കപെട്ടിരിക്കുന്നത്. അവ നമുക്ക് അനായാസം കയ്യില്‍ കിട്ടുക വളരെ പ്രയാസമാക്കാനാണ്. അമൂല്യമായ വജ്രം നോക്കൂ, അവ എവിടെയാണ്? ഭൂമിയുടെ ആഴങ്ങളില്‍ ഖനികളില്‍ മറച്ചുവെക്കപ്പെട്ടിരിക്കുന്നു. പവിഴങ്ങളും തഥൈവ. ആഴക്കടലിന്റെയും ഉള്ളില്‍ ചിപ്പികൾക്കുള്ളിൽ മറച്ച് വെക്കപ്പെട്ടിരിക്കുന്നു. ഇനി സ്വര്‍ണം നോക്കൂ, ഭൂമിക്കടിയില്‍ ഖനികളുടെ ആഴങ്ങളില്‍ വീണ്ടും പാറകളുടെ കനത്ത പാളികളാല്‍ മൂടിവെക്കപ്പട്ടിരിക്കുന്നു. അവിടെ ആ അമൂല്യ ലോഹം സംരക്ഷിക്കപ്പെട്ടിരിക്കുന്നു. വെള്ളിയും മറ്റു വിലകൂടിയ ലോഹങ്ങളുമൊക്കെ ഇങ്ങനെത്തന്നെ. അവയൊക്കെ മനുഷ്യനു വേണ്ടിയുള്ളത് തന്നെയാണ്. പക്ഷേ, അവന് അനായാസം അവ സ്വന്തമാക്കാനും നേടിയെടുക്കാനും കഴിയില്ല. അവ പുറത്തെടുക്കാന്‍ കഠിനാധ്വാനം കൂടിയേ തീരൂ. ആഴമുള്ള ചിന്തയുടെ മുകുളങ്ങള്‍ പൊട്ടി വിടര്‍ന്നുവരികയായി ഉപ്പയുടെ തത്വം കേട്ടപ്പോള്‍.
ഇങ്ങനെ ഒരു ആമുഖം പറഞ്ഞുവെച്ച ഉടനെ അല്‍പം ഗൗരവ ഭാവത്തില്‍ ഉപ്പ എന്നെ നോക്കിയിട്ട് പറഞ്ഞു: മോളെ, നിന്റെ ശരീരവും പവിത്രമാണ്. വിലപ്പെട്ടതാണ്. മറ്റുള്ളവര്‍ സ്വന്തമാക്കാന്‍ കഠിനമായി ശ്രമിക്കാന്‍ മാത്രം അമൂല്യമാണ്. നിന്നിലെ സ്ത്രീത്വം വജ്രത്തേക്കാളും പവിഴത്തേക്കാളും സ്വര്‍ണത്തേക്കാളും വിലകൂടിയതാണ്. ആയതിനാല്‍ നീയും നിന്റെ മേനി മാന്യമായി മറച്ചുസംരക്ഷിക്കണം. മറ്റെന്തിനേക്കാളും വിലപ്പെട്ടതാണ് മനുഷ്യന്‍. അല്ലാഹു ആദരിച്ച സൃഷ്ടി. അതില്‍ പെണ്‍ വര്‍ഗത്തിന് അല്ലാഹു നല്‍കിയ അനുഗ്രഹമാണ് ഹിജാബ്. ഹിജാബെന്നാല്‍ അവളുടെ സൗന്ദര്യത്തെ കാത്തുസൂക്ഷിക്കാന്‍, അതിനെ സൃഷ്ടികളോടുള്ള വിനയത്തോടും അല്ലാഹുവിനോടുള്ള വിധേയത്വത്തോടും കൂടി അവന്റെ പ്രീതി കരസ്ഥമാക്കാന്‍ ഉള്ള ഉത്തമ മാര്‍ഗമാണ്. എല്ലാ വിധത്തിലുമുള്ള അപകടങ്ങളില്‍നിന്ന് അവളെ സംരക്ഷിക്കാന്‍ ഹിജാബിനു കഴിയുന്ന പോലെ മറ്റൊന്നിനും കഴിഞ്ഞെന്നു വരില്ല. കാരണം അത് ദൈവീകമാണ്.
ഹിജാബ് സ്ത്രീസുരക്ഷ ഉറപ്പുവരുത്തുന്നതാണ് കാമബ്രഷ്ട്ടരായ
പിശാചുക്കളില്‍ നിന്നുള്ള സംരക്ഷണം.
സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം, സ്ത്രീപീഡനം, സ്ത്രീസുരക്ഷയിലുള്ള വീഴ്ച രാജ്യത്ത് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഹിജാബ് ഭീകരവത്കരിക്കുന്നത് എന്നതിലാണ് ഖേദം .
ഭരണഘടനാ വിരുദ്ധം
ഇന്ത്യന്‍ ഭരണഘടനയുടെ 14, 25 അനുഛേദങ്ങള്‍ യഥാക്രമം വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങളായ തുല്യതക്കും മതസ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തെ നിഷേധിക്കുന്ന നീക്കമാണ് ഹിജാബ് നിരോധനം.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25(1) പ്രകാരം മതശാസന അനുസരിച്ചുള്ള വസ്ത്രം തിരഞ്ഞെടുക്കാനുള്ള അവകാശം മുസ്ലിം സ്ത്രീക്കുണ്ട്.
ആര്‍ട്ടിക്ക്ള്‍ 25 പ്രകാരം, ഒരോരുത്തര്‍ക്കും താന്‍ ഇഷ്ടപ്പെടുന്ന മതം സ്വീകരിക്കാനും അതനുസരിച്ച് ജീവിക്കാനും ആ വിശ്വാസം പ്രചരിപ്പിക്കാനുമുള്ള മൗലികാവകാശം ഭരണഘടന ഉറപ്പ് നല്‍കുന്നു. ഒപ്പം മതസമൂഹങ്ങളുടെയും വിവിധ ജനവിഭാഗങ്ങളുടെയും ആചാരങ്ങളും സംസ്‌കാരവും സംരക്ഷിക്കപ്പെടണമെന്നാണ് ഭരണഘടനയുടെ താല്‍പര്യം. സിക്ക് സമുദായം വിശ്വാസത്തിന്റെ ഭാഗമായി കരുതുന്ന അവരുടെ കത്തി കൊണ്ടുനടക്കാനുള്ള അവകാശം അവര്‍ക്കുണ്ടെന്ന് പ്രത്യേകം എടുത്ത് പറഞ്ഞ് ആര്‍ട്ടിക്ക്ള്‍ 25 നല്‍കുന്ന വിശാലമായ സ്വാതന്ത്ര്യം വിശദീകരിക്കപ്പെട്ടിട്ടുണ്ട്. മാത്രവുമല്ല നിരവധി കോടതി വിധികള്‍ മതവിശ്വാസത്തിന്റെ ഭാഗമായുള്ള വസ്ത്ര സ്വാതന്ത്ര്യം അനുവദിക്കണമെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുമുണ്ട്
ഭക്ഷണത്തിനുള്ള അവകാശവും പാർപ്പിടത്തിനുള്ള അവകാശവും , സാമ്പത്തിക, സാമൂഹിക, സാംസ്കാരിക അവകാശങ്ങൾക്കായുള്ള അന്താരാഷ്ട്ര ഉടമ്പടിയുടെ (ICESCR) ആർട്ടിക്കിൾ 11 പ്രകാരം അംഗീകരിക്കപ്പെട്ട മതിയായ ജീവിത നിലവാരത്തിനുള്ള അവകാശത്തിന്റെ ഭാഗമാണ് മതപരമായ വസ്ത്രാവകാശം. സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ (UDHR) ആർട്ടിക്കിൾ 25 പ്രകാരവും ഹിജാബ് അടക്കമുള്ള വസ്ത്രത്തിനുള്ള അവകാശം ഭരണഘുടത്തിന് തടയാനാവില്ല.
സിഖുകാർ പഞ്ചാബിൽ മാത്രമല്ല, ഇന്ത്യയിലും ലോകത്തെവിടെയും ടർബൻ ധരിച്ച് കടന്നു ചെല്ലുന്നു. ക്രൈസ്തവർ കൊന്തയും കുരിശും ധരിക്കുന്നു. പല ജാതിയിൽപെട്ടവർ താലിമാല ധരിക്കുന്നു; പൊട്ടുതൊടുന്നു. സമൂഹം പല രീതിയിൽ വസ്ത്രം ധരിക്കുന്നു; വസ്ത്രം കുറച്ചു മതിയെന്ന് ചിലർ ചിന്തിക്കുന്നു. അതൊക്കെ വ്യക്തിനിഷ്ഠക്കും മതാചാരത്തിനുമപ്പുറം വിലക്കപ്പെടേണ്ട ആഭാസമായി ആരും കാണാറില്ല. പാർലമെന്റിൽ അടക്കം കയറിച്ചെല്ലുന്നതിന് തടസ്സമില്ല.
ഇന്ത്യൻ സേനയിൽ സിഖ് മതസ്ഥർക്ക് തൊപ്പിക്ക് പകരം അവരുടെ മതാചാരപ്രകാരമുള്ള തലപ്പാവ് ധരിക്കുന്നതിന് നിരോധനമില്ല. ഹിന്ദു മതം പോലുള്ള മറ്റു മതവിഭാഗങ്ങളിൽനിന്നുള്ളവർക്ക് വളയും ബിന്ദിയും ളോഹയും കന്യാസ്‌ത്രീകൾക്ക് അവരുടെ മതാചാരപ്രകാരമുള്ള വസ്ത്രവും ധരിക്കുന്നതിന് യാതൊരു വിലക്കും എവിടെയുമില്ല. ഹിജാബിന് മാത്രമായുള്ള നിരോധനം മുസ്‌ലിം വിദ്യാർഥിനികളുടെ ഉന്നതപഠനത്തെ തടസപ്പെടുത്താൻ മാത്രം ലക്ഷ്യംവച്ചുള്ളതാണെന്നതിൽ യാതൊരു സംശയവുമില്ല. മുസ്‌ലിം വിദ്യാർഥികളുടെ പുതിയ ക്രീയേറ്റിവിറ്റിയെ തന്നെ ഇല്ലാതാക്കാനുള്ള ഒരു മറുശ്രമം കൂടിയാണിത്.
ഒരു വ്യക്തി പ്രത്യേകതരം വസ്ത്രധാരണം ആവശ്യപ്പെടുന്നുവെങ്കിൽ, അത് അവരുടെ മതപരമായ വ്യക്തിത്വത്തിന്റെ ഭാഗമാണെങ്കിൽ അതു ധരിക്കാൻ അനുവദിക്കണമെന്നതു ജനാധിപത്യ സാമൂഹിക കരാറിന്റെ ഭാഗമാണ്. മതേതരത്വത്തിന്റെ മഹനീയ മാതൃകയാണ് ഇന്ത്യ ലോകത്തിന് സമർപ്പിച്ചുകൊണ്ടിരുന്നത്. പൊതു ഇടങ്ങളിൽനിന്നു വ്യക്തികളുടെ വിശ്വാസത്തെ തുടച്ചുനീക്കുന്നതിനു പകരം എല്ലാ വിശ്വാസങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും തുല്യമായി ബഹുമാനിക്കുകയെന്നതാണ് ഇന്ത്യ പുലർത്തിപ്പോന്ന രീതി. അതാണ് ഇന്ത്യയുടെ പൈതൃകവും. അത് ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് കർണാടകയിലെ ബി.ജെ.പി സർക്കാർ ഹിജാബ് നിരോധനത്തിൽ പിടിവാശി തുടരുന്നത്.
അസ്ദക് വാഴക്കാട്
COMMENTS